Meenachil River Protection Council

മീനച്ചിൽ നദീസംരക്ഷണ സമിതി മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങൾ മുതൽ പതനസ്ഥാനം വരെ വിവിധ ഇടങ്ങളിൽ രൂപീകരിച്ചിട്ടുള്ള പ്രാദേശീക ജനജാഗ്രതാസമിതികൾ അതാത് ഇടങ്ങളിലെ പുഴമലിനീകരണം, കയ്യേറ്റങ്ങൾ, മണൽ ഖനനം, മാതൃകാ പ്രവർത്തനങ്ങൾ എന്നിവയെ പൊതുശ്രദ്ധയിൽ കൊണ്ടുവരുകയും സമിതി അവയെ ഔദ്യോഗികതലത്തിലേയ്ക്കും സാമൂഹിക തലത്തിലേയ്ക്കും വികസിപ്പിക്കുകയും പരിഹാരങ്ങളും പ്രോത്സാഹനവും ഉറപ്പു വരുത്തുകയും ചെയ്യുന്നു. മീനച്ചിലാർ കാവൽമാടങ്ങൾ എന്ന പ്രയോഗം പ്രാദേശികജാഗ്രതയ്ക്ക് നൽകിയ ഊർജ്ജം ചെറുതല്ല. മീനച്ചിലാർ മഴ - പുഴ നിരീക്ഷണം കാവൽമാടങ്ങളിൽ നിന്ന് വളരുകയായിരുന്നു. ശുചീകരണം, ബോധവൽക്കരണം, പ്രതികരണങ്ങൾ, മാതൃകാനിർമ്മാണം തുടങ്ങി നിരവധിയായ പ്രവർത്തന മുൻകൈകളാണ് കാവൽമാടങ്ങളിൽ നിന്നുണ്ടാവുന്നത്.

2018 ലെ പ്രളയകാലം മുതൽ സേവ് മീനച്ചിലാർ വാട്ട്സാപ്പ് ഗ്രൂപ്പിൽ തുടങ്ങിവച്ച മഴ - പുഴ നിരീക്ഷണ പ്രവർത്തനമാണ് 2021 ലെ MRRM പ്രക്രിയയിലേയ്ക്ക് വളർന്നത്. വലിയ മഴ, വെള്ളപ്പൊക്കം തുടങ്ങിയ സ്വാഭാവിക പ്രയോഗങ്ങളിലൂടെ മുന്നോട്ടുപോയ ആദ്യഘട്ടത്തിനുശേഷം മഴയളവുകളുടെയും പുഴയളവുകളുടെയും ശാസ്ത്രീയ നിർവ്വചനത്തിലേയ്ക്ക് മഴ - പുഴ നിരീക്ഷകരും വളർന്നു. 2020 ൽ ഗ്രൂപ്പിന്റെ നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും കണക്കിലെടുത്ത് കൊശമറ്റം കോളനിയിലെ ഇരുന്നൂറോളം കുടുംബങ്ങളെ നിർണ്ണായക സമയത്ത് മാറ്റി പാർപ്പിക്കാൻ കഴിഞ്ഞത് പൊതു- ഔദ്യോഗിക സമൂഹത്തിന്റെ അംഗീകാരത്തിനിടയാക്കി. മഴമാപിനികളും ജലനിരപ്പ് സ്കെയിലുകളും അവയുടെ ശാസ്ത്രീയ രേഖപ്പെടുത്തലും വിശകലനങ്ങളും സമീപഭാവിയിൽ തന്നെ ലക്ഷ്യം വയ്ക്കുന്ന മുന്നറിയിപ്പ് സംവിധാനവുമായി ഈ പ്രവർത്തനം ദേശീയ ശ്രദ്ധ നേടുകയാണ്.

2016 ൽ മീനച്ചിൽ നദീസംരക്ഷണസമിതിയുടെ രജത ജൂബിലി സമ്മേളനം അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഉത്ഘാടനം ചെയ്തുകൊണ്ട് ഭാരതത്തിന്റെ ജലമനുഷ്യൻ (Waterman of India) മഗ്സസെ അവാർഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് പ്രഖ്യാപിച്ച തുടർ പ്രവർത്തന കാമ്പയിനാണ് MRRC. വാഗമൺ വൃഷ്ടിപ്രദേശങ്ങൾ മുതൽ കുമരകം പതനസ്ഥാനം വരെയുള്ള ഒട്ടനവധി പരിസ്ഥിതി - സാമൂഹിക- കാർഷിക സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളും കാമ്പയിൻ പങ്കാളികളാണ്.